കൃത്രിമ മാംസം, സാങ്കേതികമായി ഇൻ വിട്രോ മാംസം എന്നറിയപ്പെടുന്നു, കാഴ്ചയ്ക്കും രുചിക്കും സമാനമാണ് സാധാരണ മാംസത്തിന്. ക്ലീൻ മീറ്റ്, ലാബ് ഗ്രോൺ മീറ്റ്, സിന്തറ്റിക് മീറ്റ് എന്നും അറിയപ്പെടുന്നു
കാലാവസ്ഥാ വ്യതിയാനത്തെ തടയാന് ലാബില് തയ്യാറാക്കിയ കൃത്രിമ മാംസം ശീലമാക്കണമെന്ന ശതകോടീശ്വരന് ബില് ഗേറ്റ്സിന്റെ നിര്ദേശം സോഷ്യല് മീഡിയയാകെ ചര്ച്ചയായിരിക്കുകയാണ്. ഹരിതഗൃഹ വാതകങ്ങളുടെ വര്ധന മുതല് ജലസ്രോതസ്സുകളുടെ മലിനീകരണം വരെയുള്ള നിരവധി പരിസ്ഥിതി പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് സാധിക്കുന്ന കൃത്രിമമാംസ നിര്മാണത്തെക്കുറിച്ച് തന്റെ പുസ്തകമായ 'ഹൗ ടു അവോയിഡ് ക്ലൈമറ്റ് ചേഞ്ചി'ന്റെ പുസ്തക പരിചയവേളയിലാണ് അദ്ദേഹം സംസാരിച്ചത്. ശാസ്ത്രലോകത്തിന്റെ വിപ്ലവാത്മകമായ ഈ സാധ്യതയെക്കുറിച്ച് വിശദമായറിയാം.
''യോജിച്ച ഒരു മാധ്യമത്തില് ചിക്കന് ബ്രെസ്റ്റ്, അല്ലെങ്കില് ചിക്കന് വിങ് വളര്ത്തിയെടുക്കാന് സാധിക്കുന്ന പക്ഷം അക്കാര്യത്തിനായി മാത്രം ഒരു കോഴിയെ വളര്ത്തുക എന്ന അസംബന്ധത്തില്നിന്നു നമുക്ക് മോചനം ലഭിക്കും'' - മുന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്സ്റ്റണ് ചര്ച്ചില് 1931-ല് സ്ട്രാന്ഡ് മാഗസിനിലെ ഒരു ലേഖനത്തില് ഇങ്ങനെ കുറിച്ചപ്പോള് പലര്ക്കും അത് മനോഹരമായ ഒരു ഭാവന മാത്രമായിരുന്നിരിക്കണം.
മനുഷ്യന്റെ സ്വപ്നങ്ങള്ക്കൊപ്പമാണ് ശാസ്ത്രം വികസിക്കുന്നതെന്ന് പറയാറുണ്ട്. ആ സ്വപ്നങ്ങള് യാഥാര്ഥ്യമാകുമ്പോള് മനുഷ്യന് പലപ്പോഴും അവിശ്വസനീയതയോടെ നിന്നുപോകാറുണ്ട്. കോഴിയിറച്ചി കഴിക്കാന് കോഴികളെയും ആട്ടിറച്ചി കഴിക്കാന് ആടിനെയും ബീഫ് കഴിക്കാന് മാടുകളെയും വളര്ത്തേണ്ടതില്ലായിരുന്നെങ്കിലോ! എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നുപറയാനുള്ള സാവകാശം ലഭിക്കുന്നതിനു മുന്പേ ഇറച്ചി മാത്രമായി പരീക്ഷണശാലകളില് വളര്ത്തിയെടുത്ത് ശാസ്ത്രം ലോകത്തെ അമ്പരപ്പിച്ചു. അത് അവിടെയും തീര്ന്നില്ല, ഇപ്പോഴിതാ ആ (കൃത്രിമ) ഇറച്ചി വിപണിയിലേക്കും എത്തുകയാണ്.
ലാബില് കൃത്രിമമായി ഉത്പാദിപ്പിക്കുന്ന ഇറച്ചി വിപണിയിലിറക്കാന് അനുമതി നല്കുന്ന ആദ്യരാജ്യമായി മാറിയിരിക്കുന്നു സിങ്കപ്പൂര്. കാലിഫോര്ണിയ ആസ്ഥാനമായ ഈറ്റ് ജസ്റ്റ് (Eat
Just)എന്ന ഫുഡ് സ്റ്റാര്ട്ടപ്പിനാണ് ലാബില് നിര്മിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കാന് സിങ്കപ്പൂര് സര്ക്കാര് അനുമതി നല്കിയത്. ഇതോടെ മൃഗങ്ങളെ അറുക്കാതെ മാംസം ഉത്പാദിപ്പിച്ച് ഇറച്ചി വില്ക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി ഈറ്റ് ജസ്റ്റ് മാറി. കൃത്രിമമാംസംകൊണ്ടുണ്ടാക്കിയ നഗറ്റ്സ് (Nuggets)
ആയിരിക്കും തങ്ങള് ആദ്യമായി വിപണിയിലെത്തിക്കുകയെന്നും ഇത് ഒരു പാക്കറ്റിന് 50 ഡോളര് വിലവരുമെന്നും കമ്പനി അറിയിച്ചു.
സാധാരണ നഗറ്റ്സിന്റെ വിലയുടെ പത്തിരട്ടിയോളമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല് ഡിമാന്ഡുയരുകയും ഉത്പാദനം വര്ധിക്കുകയും ചെയ്യുമ്പോള് സമീപഭാവിയില് തന്നെ പ്രീമിയം ചിക്കന്റെ വിലയില് കൃത്രിമമാംസം കൊണ്ടു നിര്മിച്ച നഗറ്റ്സ് സിങ്കപ്പൂരിലെ ഭക്ഷണശാലകളില് ലഭ്യമാകുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ ജോഷ് ടെട്രിക് പറയുന്നു. എന്തായാലും ഇത്തരം കൃത്രിമ ഇറച്ചിക്ക് സിങ്കപ്പൂര് ഫുഡ് ഏജന്സിയില്നിന്ന് നിയന്ത്രണ അനുമതി ലഭിച്ചുവെന്നും ഇവ 'ഗുഡ് മീറ്റ്' ബ്രാന്ഡിന് കീഴില് വില്പ്പനയാരംഭിക്കുമെന്നും റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
ചോരചിന്താത്ത മാംസം
കാഴ്ചയിലും രുചിയിലും സാധാരണ മാംസം പോലെയുള്ളതും പാകംചെയ്ത് ഉപയോഗിക്കാവുന്നതുമാണ് സാങ്കേതികമായി ഇന്വിട്രോ മീറ്റ് എന്നറിയപ്പെടുന്ന കൃത്രിമമാംസം. ക്ലീന് മീറ്റ്, ലാബ് ഗ്രോണ് മീറ്റ്, സിന്തറ്റിക് മീറ്റ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഒരു ജീവിയുടെയും ശരീരത്തിന്റെ ഭാഗമല്ല എന്നതുകൊണ്ടുതന്നെ ഇത് രക്തരഹിതമാംസവുമാണ്.
കാണ്ഡകോശവികാസം
ടിഷ്യു എന്ജിനീയറിങ്ങിന്റെ സാധ്യതകള് പ്രയോജനപ്പെടുത്തി, ഹൃദയപേശികളുടെയും രക്തക്കുഴലുകളുടെയും തകരാറുകള് പരിഹരിക്കുന്നതിലും പുതിയവ നിര്മിക്കുന്നതിലും അടിസ്ഥാനമാക്കിയായിരുന്നു ഡോ. മാര്ക്ക് പോസ്റ്റിന്റെ ആദ്യകാല ഗവേഷണങ്ങളില് പലതും. തികച്ചും യാദൃച്ഛികമായാണ് അദ്ദേഹം 'കൃത്രിമമാംസ 'ഗവേഷണത്തിലേക്ക് എത്തിയത്. സ്വന്തമായ ഒരു ഡിസൈനായിരുന്നു കൃത്രിമമാംസത്തിന്റെ നിര്മാണത്തിനായി പോസ്റ്റ് തയ്യാറാക്കിയത്. ഇതിനായി ആദ്യം പശുക്കളുടെ കാണ്ഡകോശത്തില്നിന്ന് മാംസപേശികളെ വളര്ത്തിയെടുത്തു. ഇത്തരം 20,000 മാംസപേശീതന്തുക്കളെ ഒരുമിച്ചുചേര്ത്താണ് അദ്ദേഹം 'കൃത്രിമമാംസം' തയ്യാറാക്കിയത്.
മാട്ടിറച്ചികൊണ്ട് തയ്യാറാക്കുന്ന 'ഹാംബര്ഗര്' (Hamburger) എന്ന ലഘുഭക്ഷണത്തെ അതേ രൂപത്തിലും സ്വാദിലും കൃത്രിമമാംസം കൊണ്ട് പുനരവതരിപ്പിക്കാന് പോസ്റ്റിന് സാധിച്ചു. 2013-ല് ലണ്ടനില്വെച്ച് നടത്തിയ പരസ്യപ്രദര്ശനത്തില് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ഹാന്നി റൂട്ട്സെലറും ജോഷ് സ്കോണ്വാള്ഡും ബര്ഗര് രുചിച്ചുനോക്കി ഭക്ഷ്യയോഗ്യമാണെന്ന് സ്ഥിരീകരിച്ചു. ഇങ്ങനെയൊരു സംരംഭത്തിനു സാമ്പത്തികസഹായം ചെയ്തത് ഗൂഗിള് സഹസ്ഥാപകനായ സെര്ഗേ ബ്രിന് ആണ്. തീരെ കൊഴുപ്പടങ്ങിയിട്ടില്ല എന്നതാണ് പോസ്റ്റിന്റെ ബര്ഗറിന്റെ മറ്റൊരു സവിശേഷത.
ഇറച്ചിക്കായി മൃഗങ്ങളെ കൊല്ലുന്നത് വലിയ തോതില് പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ വര്ധന മുതല് ജലസ്രോതസ്സുകളുടെ മലിനീകരണം വരെ മാംസ വ്യവസായത്തിന്റെ മേല് ചാര്ത്തപ്പെട്ട കുറ്റങ്ങളാണ്. എത്രയോ രാസ-ജൈവ രോഗമാലിന്യങ്ങള് മാംസത്തിലൂടെ മനുഷ്യരിലേക്ക് പകരുന്നു. കൃത്രിമമാംസത്തിന്റെ വരവ് ഇത്തരം ചീത്തപ്പേരുകള് പലതും ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഒരു കിലോ ഗ്രാം സ്വാഭാവിക മാംസം ഉത്പാദിപ്പിക്കാന് എത്രയോ പ്രകൃതിവിഭവങ്ങളാണ് ആവശ്യമായിവരിക. എന്നാല് ലാബ് മീറ്റിലൂടെ, മൃഗങ്ങളെ വളര്ത്തിയെടുക്കാനുള്ള കഷ്ടപ്പാടും അതുവഴിയുണ്ടാകുന്ന സ്ഥല-ജല-ഊര്ജ-പ്രകൃതിവിഭവ നഷ്ടവുമെല്ലാം പരിഹരിക്കപ്പെടും. ഭാവിയില് സംഭവിക്കാനിടയുള്ള വലിയ മാംസപ്രതിസന്ധിക്കുള്ള മറുപടിയായും കൃത്രിമമാംസത്തെ ശാസ്ത്രലോകം കരുതുന്നു. ഏതൊരു ജീവിയുടെയും മാംസം ഇതുപോലെ ലാബില് വികസിപ്പിച്ചെടുത്ത് പാകംചെയ്ത് ഭക്ഷിക്കാനാകും. എന്നുവെച്ചാല് കൃത്രിമമായി മനുഷ്യമാംസം വരെ നിര്മിക്കുന്ന കാലം വിദൂരമല്ല!
നിലവില് ലഭ്യമാകുന്ന ഇറച്ചികളുടെ വൃത്തിയും സുരക്ഷയും ഭക്ഷ്യയോഗ്യതയും രോഗവ്യാപന സാധ്യതയും സംബന്ധിച്ച് പലപ്പോഴും പല ആശങ്കകളും ഉയരാറുണ്ട്. എന്നാല്,
ലാബില് നിര്മിക്കുന്ന ഇറച്ചികളെ സംബന്ധിച്ച് ഇത്തരം ആശങ്കകള്ക്ക് അടിസ്ഥാനമുണ്ടാവില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്. ഒരൊറ്റ രോഗാണുവിന്റെ സാന്നിധ്യവും ഇതിലില്ല എന്ന് ഉറപ്പുവരുത്താനാകും. മാത്രമല്ല, ആന്റിബയോട്ടിക്കുകളുടെയും കീടനാശിനികളുടെയും ഹോര്മോണുകളുടെയും സാന്നിധ്യവും തരിമ്പുമുണ്ടാകില്ല.
കൃത്രിമബര്ഗര് നിര്മാണത്തിന് പോസ്റ്റിനു ചെലവായത് മൂന്നേകാല് ലക്ഷം ഡോളറായിരുന്നു. എന്നാല് 2019-ല് അത് 11 ഡോളറായി കുറഞ്ഞു. ഉത്പാദനം വര്ധിക്കുന്നതിലൂടെ കൃത്രിമമാംസത്തിന്റെ ഉത്പാദനച്ചെലവും വിപണിവിലയും സാധാരണക്കാരന് താങ്ങുന്ന നിലയിലേക്കെത്തുമെന്നര്ഥം.
നിലവില് പ്രതിവര്ഷം ഒരു ട്രില്യണ് ഡോളറിന്റേതാണ് (ഏകദേശം 69 ലക്ഷം കോടി രൂപ) ആഗോള മാംസവിപണി. മാംസാധിഷ്ഠിത ആഹാരരീതി വര്ധിച്ചുവരുന്നതായാണ് പൊതുവെയുള്ള കാഴ്ച. ഇവിടേക്കാണ് കൃത്രിമമാംസ വ്യാപാരവും ചുവടുറപ്പിക്കാന് ശ്രമിക്കുന്നത്. 2040 ആകുമ്പോഴേക്കും 60 ശതമാനം മാംസാഹാരങ്ങളിലും ജീവികളെ കൊന്നുള്ള മാംസമായിരിക്കില്ല ഉപയോഗിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
ഇതില് 25 ശതമാനവും മാംസരുചിയുള്ള സസ്യാഹാരങ്ങളില്നിന്നു വേര്തിരിച്ചെടുക്കുന്നതായിരിക്കും;
35 ശതമാനം ലബോറട്ടറികളില് കൃത്രിമമായി നിര്മിക്കുന്നവയും. ആരോഗ്യ-പാരിസ്ഥിതിക കാരണങ്ങളും മൃഗങ്ങളോടുള്ള കരുതലും ശുചിത്വബോധവും മൂലം ലാബില് ഉത്പാദിപ്പിക്കുന്ന മാംസത്തോടുള്ള ആഭിമുഖ്യം കൂടിവരുമെന്നാണ് റിപ്പോര്ട്ടുകള് ചൂണ്ടിക്കാട്ടുന്നത്. 2029-ഓടെ 140 ബില്യണ് ഡോളര് വിലമതിക്കുന്ന കൃത്രിമമാംസ വിപണി ഉണ്ടാകുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.
ഈ ലേഖനം നിങ്ങള്ക്ക് ഇഷ്ട്ടമായെങ്കിൽ ഷെയര് ചെയ്യുക.പുതിയ ലേഖനം നിങ്ങളുടെ ടൈം ലൈനില് ലഭിക്കാന് താളംമീഡിയ പേജ് ഫോളോ & ലൈക് ചെയ്യുക.
നമ്മുടെ ഫേസ്ബുക്ക് താളം മീഡീയ ഗ്രൂപ്പ് മീഡീയ ഗ്രൂപ്പ് ഫോളോ ചെയ്യുവാന്
വീഡിയോ കാണുക ഒപ്പം സബ്സ്ക്രൈബുചെയ്യുക
താളം മീഡിയ യൂട്യൂബ് ചാനൽ
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുവാന്
ട്വിറ്ററിൽ പിന്തുടരുക
No comments:
Post a Comment