ന്യൂഡൽഹി ∙ രാജ്യത്ത് രണ്ട് കോവിഡ് വാക്സീനുകള്‍ ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്‍റെ അന്തിമ അനുമതി. കോവിഷീല്‍ഡ്, കോവാക്സീന്‍ എന്നീ വാക്സീനുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സീനാണ് കോവാക്സീന്‍. ഒാക്സ്ഫെഡ് സര്‍വകലാശാല വികസിപ്പിച്ച് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സീനാണ് കോവിഷീല്‍ഡ്.
കോവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അറിയിച്ചു. അടിയന്തര ഉപയോഗത്തിനായി ഉപാധികളോടെയാണ് അനുമതി നൽകിയത്. കരുതൽ വേണമെന്ന മുന്നറിയിപ്പുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി നൽകി. കോവാക്സീന്റെ ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതി കഴിഞ്ഞദിവസം ശുപാർശ ചെയ്തിരുന്നു. കോവിഷീൽഡിന് അനുമതി നൽകാൻ സമിതി വെള്ളിയാഴ്ചയാണു ശുപാർശ നൽകിയത്.
ഇതോടെ ഇന്ത്യയിൽ 2 കോവിഡ് വാക്സീനുകൾ കുത്തിവയ്പിനു സജ്ജമായി. ക്ലിനിക്കൽ ട്രയൽ രീതിയിൽ നിശ്ചിത വിഭാഗം ആളുകളിൽ കർശന ജാഗ്രതയോടെയാകും ഇത് അനുവദിക്കുക. വ്യാപക ഉപയോഗത്തിനുള്ള അനുമതി കോവിഷീൽഡ് വാക്സീനു മാത്രമാകും എന്നാണു സൂചന. കോവിഡ് വാക്സീൻ കുത്തിവയ്പ് തുടങ്ങുമ്പോൾ രാജ്യമാകെ ഉടൻ ലഭിക്കുക 3 കോടി പേർക്കാകും. ഒരു കോടി ആരോഗ്യ പ്രവർത്തകരും 2 കോടി പൊലീസ്, പ്രതിരോധ സേനാംഗങ്ങൾ, തദ്ദേശ ആരോഗ്യ/ശുചീകരണ ജീവനക്കാർ എന്നിവരും അടങ്ങുന്ന കോവിഡ് മുന്നണിപ്പോരാളികളാണിത്.
ഇവർക്ക് വാക്സീൻ സൗജന്യമായി നൽകുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ അറിയിച്ചു. മുൻഗണനാ പട്ടികയിലെ ബാക്കി 27 കോടി പേർക്കും ജൂലൈയ്ക്കകം വാക്സീൻ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾക്കു രൂപം നൽകുകയാണ്. 50 വയസ്സിൽ കൂടുതലുള്ളവർ, 50 വയസ്സിൽ താഴെയെങ്കിലും ഗുരുതര രോഗമുള്ളവർ തുടങ്ങിയവരാണിത്. രാജ്യത്തു മൊത്തം 30 കോടി പേരാണ് മുൻഗണനാ പട്ടികയിലുള്ളത്. ബുധനാഴ്ച കുത്തിവയ്പ് തുടങ്ങാൻ കഴിയുംവിധമുള്ള തയാറെടുപ്പുകൾ ദ്രുതഗതിയിലാണ്.
No comments:
Post a Comment